ബോക്‌സോഫീസിൽ മികച്ച പ്രകടനം തുടരുന്ന നിവിൻ പോളി–മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി കളക്ഷൻ ലക്ഷ്യമിട്ട് മുന്നേറുന്നു. ചിത്രത്തിൻ്റെ രണ്ടാം ട്രെയിലർ ‘Encore’ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്ന ചിത്രം കുടുംബപ്രേക്ഷകരെയും വലിയ തോതിൽ ആകർഷിക്കുന്നുണ്ട്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിൽ ‘ജസ്റ്റിൻ ചേട്ടായി’യായി നിവിൻ പോളിയും ‘ആഷി’യായി മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളും കെമിസ്ട്രിയും ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മാറിയെന്നാണ് റിപ്പോർട്ടുകൾ.
ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മറ്റ് സംസ്ഥാനങ്ങളിലും വിദേശ വിപണികളിലും മികച്ച പ്രതികരണവും കളക്ഷനും ലഭിക്കുന്നുണ്ട്.
വിഷ്ണു വിജയ് സംഗീതം ഒരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം അജ്മൽ സാബുവും എഡിറ്റിങ് ആകാശ് ജോസഫ് വർഗീസും നിർവഹിച്ചു. സംഗീത പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വിനായക് ശശികുമാറാണ് ഗാനരചന. ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ആഷിക് എസ്. ആർട്ട് ഡയറക്ടറായും ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനറായും റോണക്സ് സേവ്യർ മേക്കപ്പ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് സന്തോഷാണ്.