ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് ശനിയാഴ്ച ദില്ലിയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയനും നാളെ ദില്ലിയിലെത്തും. മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷി ജിൻപിങ് ഇന്ത്യയിലെത്തുന്നത്. ശനിയാഴ്ച വൈകുന്നേരം മോദിയും ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഇരുപതിലധികം ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടി റിപ്പോർട്ട് ചെയ്യുന്നതിനായി 600ലധികം വിദേശ മാധ്യമപ്രവർത്തകരും ദില്ലിയിലെത്തുന്നുണ്ട്.
അതേസമയം, ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലെ പരാമർശങ്ങളെ ചൊല്ലിയുള്ള ഭിന്നത തുടരുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമായതാണ് പ്രഖ്യാപനത്തിൽ ധാരണയിലെത്തുന്നതിന് പ്രധാന തടസമെന്നാണ് റിപ്പോർട്ടുകൾ. സംയുക്ത പ്രഖ്യാപനത്തിൽ സമവായം കണ്ടെത്തുന്നതിനായി ബ്രിക്സ് ഷെർപമാരുടെ യോഗം ദില്ലിയിൽ തുടരുകയാണ്. യുഎസ്–ഇറാൻ സംഘർഷം ശക്തമാകുന്നതും ഇറാൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുന്നതും ചർച്ചകളെ സങ്കീർണമാക്കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ നിലപാട് രൂപപ്പെടുത്തുന്നതിനായി ഇന്ത്യ വിവിധ രാജ്യങ്ങളുമായി പ്രത്യേക ചർച്ചകൾ നടത്തും.
യുഎഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലാണ് പ്രധാന ഭിന്നത നിലനിൽക്കുന്നത്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനുമായും ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നടത്തുന്ന കൂടിക്കാഴ്ചകളിലും സംയുക്ത പ്രഖ്യാപനത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നാണ് സൂചന.