പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാ ഏജൻസികളും തമ്മിൽ വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ട്. കുൽഗാം വനമേഖലയിൽ വച്ചാണ് വെടിവെപ്പുണ്ടായത്. വനമേഖലയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിവച്ചു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളിൽ സൈന്യം ഭീകരർക്ക് സമീപത്തെത്തിയതായാണ് റിപ്പോർട്ടുകൾ.
നിലവിൽ ഭീകരർ ദക്ഷിണകാഷ്മീരിൽ തന്നെയുണ്ട് എന്നാണ് സുരക്ഷാ ഏജൻസികളുടെ അനുമാനം. 4 ഭീകരർക്കുമായി വ്യാപകമായ തിരച്ചിലാണ് കാഷ്മീർ താഴ് വരയിൽ നടക്കുന്നത്. സിആർപിഎഫും സൈന്യവും ജമ്മുകാഷ്മീർ പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ഇക്കഴിഞ്ഞ 5 ദിവസങ്ങൾക്കിടെ 4 വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് ഇവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾക്ക് സാധിച്ചിരുന്നു.
ഇവരെ ഇതിനിടെയാണ് ഹാപ്പെത് നഗറിൽ വച്ച് കണ്ടെത്തിയത്. എന്നാൽ ഇവർ സുര ക്ഷാസേനയുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു. തുടർന്ന് കുൽഗാം വനമേഖലയിൽ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. പക്ഷെ പിടികൂടുന്നതിന് മുമ്പ് തന്നെ ഭീകരർ രക്ഷപ്പെട്ടു. സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തതിന് ശേഷം ഭീകരർ വനമേഖലയിലേക്ക് കടക്കുകയാണുണ്ടായത്.
ത്രാൽ മലനിരകളിൽ വച്ചാണ് മൂന്നാമത് ഇവരെ സുരക്ഷാസേന കണ്ടതെന്നാണ് റിപ്പോർട്ടുകൾ. അവസാനം ഇവരെ കൊക്കെമാർഗ് മേഖലയിലാണ് കണ്ടെത്തിയതെന്നാണ് വിവരം. നിലവിൽ ഭീകരർ ഈ പ്രദേശത്ത് തന്നെയുണ്ടെന്നാണ് അനുമാനം. ദക്ഷിണ കാഷ്മീരിൽ നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനുള്ള ശ്രമമാണ് ഭീകരരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.
ഇതിനിടെ ഭീകരർ കാഷ്മീരിലെ ഒരു വീട്ടിൽ അത്താഴത്തിൻ്റെ സമയത്ത് എത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.പക്ഷെ വിവരം ലഭിച്ച് പോലീസും സൈന്യവുമൊക്കെ എത്തുന്നതിന് മുമ്പ് ഭീകരർ ഭക്ഷണവുമായി കടന്നുകളഞ്ഞതായാണ് വിവരം. പഹൽഗാമിൽ വിനോദസഞ്ചാരികളെ ആക്രമിച്ചതിന് ശേഷം അവിടെ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ ഭീകരർ കൊണ്ടുപോയി.