മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘L368’ൻ്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ മോഹൻലാൽ, മുകേഷ്, ആന്റണി പെരുമ്പാവൂർ, സംഗീത് പ്രതാപ്, ടൊവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ തുടങ്ങിയവർ പങ്കെടുത്തു.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിനുശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മോഹൻലാലും മുകേഷും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിൻ്റെ പ്രധാന പ്രത്യേകത. ഇരുവരുടെയും ഹാസ്യരംഗങ്ങൾ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. തിരക്കഥ, സംവിധാനം, എഡിറ്റിങ് എന്നിവ അനൂപ് സത്യൻ നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതവും ‘ഭ്രമയുഗം’ സിനിമയുടെ ഛായാഗ്രാഹകനായ ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും നിർവഹിക്കും.
നവംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരിക്കും ആദ്യ ഷെഡ്യൂൾ. 2027 വിഷു റിലീസായാണ് ചിത്രം ലക്ഷ്യമിടുന്നത്.
അതേസമയം, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് മോഹൻലാൽ പൂർത്തിയാക്കി. ‘തുടരും’ എന്ന ചിത്രത്തിനുശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന സിനിമയിൽ ടി.എസ്. ലൗലജൻ എന്ന എസ്.ഐ. കഥാപാത്രമായാണ് താരം എത്തുന്നത്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നിർവഹിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.
ഇതിന് പിന്നാലെ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും മോഹൻലാൽ അഭിനയിക്കുക. ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ജോർജിയയിൽ ആരംഭിച്ചിട്ടുണ്ട്. ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.