ചേരാനല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീലിനെതിരെ കോടതിയുടെ വിമർശനം. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരും വ്യക്തിവിവരങ്ങളും വെളിപ്പെടുത്തിക്കൊണ്ടാണ് അപ്പീൽ സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത് തിരുത്തി നൽകാൻ നിർദേശിച്ചു. അപ്പീൽ നാളെ വീണ്ടും പരിഗണിക്കും.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹർജി പരിഗണിച്ചത്. അപ്പീൽ എങ്ങനെയാണ് സമർപ്പിക്കേണ്ടതെന്ന് അറിയില്ലേയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

പ്രായപൂർത്തിയാകാത്ത പ്രതിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുന്നത് രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ഓർമിപ്പിച്ചു.

ഇതിനിടെ, വക്കാലത്തിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചതായി കോടതിയിൽ ആരോപണമുയർന്നു. എന്നാൽ മകളാണ് വക്കാലത്ത് നൽകിയതെന്നായിരുന്നു അഭിഭാഷകൻ്റെ വിശദീകരണം.

Related Posts