ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ ഒഴിവാക്കുന്നതിനായി ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കാൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ സേവനം പ്രയോജനപ്പെടുത്തിക്കൂടേയെന്ന് സുപ്രീംകോടതി. പടക്കങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.

പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കാൻ എല്ലാ വർഷവും കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അവ വ്യാപകമായി ലംഘിക്കപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഉത്തരവുകൾക്ക് പ്രായോഗികമായി വലിയ ഫലമുണ്ടാകാത്ത സാഹചര്യമാണുള്ളതെന്നും ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കാൻ പ്രശസ്ത കായികതാരങ്ങളുടെയും സമൂഹത്തിൽ ആദരിക്കപ്പെടുന്ന വ്യക്തികളുടെയും സഹായം തേടാമെന്ന് കോടതി അഭിപ്രായപ്പെട്ടു. വിരാട് കോഹ്‌ലിയെപ്പോലുള്ള പ്രമുഖ താരങ്ങളോട് പടക്കങ്ങളില്ലാത്ത ദീപാവലി ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണത്തിൽ പങ്കുചേരാൻ ആവശ്യപ്പെടാമെന്നും നിർദേശിച്ചു.

പടക്കങ്ങൾ ദീപാവലിയുടെ യഥാർഥ പാരമ്പര്യത്തിൻ്റെ ഭാഗമായിരുന്നില്ലെന്നും വെടിമരുന്നിൻ്റെ വരവോടെയാണ് ആഘോഷങ്ങളിൽ അവ വ്യാപകമായതെന്നും കോടതി നിരീക്ഷിച്ചു. പടക്കങ്ങളിൽ അനുവദനീയമായ ബേരിയത്തിൻ്റെ അളവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ദീപാവലിക്ക് ശേഷം വിശദമായി പരിഗണിക്കുമെന്നും വ്യക്തമാക്കി.

പടക്ക നിർമാണത്തിന് പൂർണ നിരോധനം ഏർപ്പെടുത്തണമെന്നാണ് ഹർജിക്കാരനായ ഗോപാൽ ശങ്കരനാരായണൻ്റെ ആവശ്യം.

Related Posts