ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. കോമഡി ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിൽ 1970കളിലെ കടുവ വേട്ടക്കാരൻ്റെ വേഷത്തിലാകും അക്ഷയ് കുമാർ എത്തുകയെന്നാണ് സൂചന. നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.
പ്രിയദർശൻ്റെ 99-ാമത് ചിത്രമാണിത്. രമേശ് തൗറാനി നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാൻ, മുംബൈ എന്നിവിടങ്ങളിലായി ഏകദേശം മൂന്ന് മാസം നീളുമെന്നാണ് റിപ്പോർട്ട്. ഭോപ്പാലിലും ചിത്രീകരണം നടന്നേക്കും. അന്നു കപൂറും രാജ്പാൽ യാദവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
പ്രശസ്ത വന്യജീവി സംരക്ഷകനും വേട്ടക്കാരനുമായിരുന്ന ജിം കോർബറ്റിൻ്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ പ്രമേയമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രിയദർശനും രോഹൻ ശങ്കറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ഭൂൽ ഭുലയ്യ, ദേ ദനാ ദൻ, ഖട്ടാ മീഠാ, ഭൂത് ബംഗ്ല തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച അക്ഷയ് കുമാർ–പ്രിയദർശൻ കൂട്ടുകെട്ടിൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.