വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ചെന്ന പ്രത്യേകതയോടെ ശ്രദ്ധ നേടിയ ‘തുടക്കം’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറാണ് ചിത്രത്തിൻ്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ അഞ്ചാം വാരത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം ‘തുടക്കം’ ഇതിനകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിൻ്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ലോഞ്ചിംഗ് വേളയിൽ ഒരു കൊച്ചു കുടുംബചിത്രമെന്നാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ‘തുടക്ക’ത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ചിത്രത്തിലെ കൗതുകങ്ങൾ കുടുംബകഥയിൽ മാത്രം ഒതുങ്ങുന്നതല്ല. മോഹൻലാലിൻ്റെ അതിഥി വേഷവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിസ്മയ മോഹൻലാലിൻ്റെ അരങ്ങേറ്റം എന്ന നിലയിലും ചിത്രം നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.