ഫത്തേപൂർ ബെരിയിൽ ജിം ട്രെയിനറെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തി. അയാനഗർ ഗ്രാമത്തിൽ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വിജയ് (28) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികൾ വിജയിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായാണ് വിവരം.
ഫത്തേപൂർ ബെരി മേഖലയിൽ ഏതാനും മാസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ വെടിവെപ്പ് നടന്നിരുന്നു. സംഭവമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.