നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായി ഓഗസ്റ്റ് 21ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

റോം-കോം വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഓണാവധിക്കാലത്ത് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകനായി മാറിയ ഗിരീഷ് എ.ഡിയാണ് ചിത്രം ഒരുക്കുന്നത്. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബത്‌ലഹേം കുടുംബ യൂണിറ്റിനുണ്ട്’.

‘പ്രേമലു’വിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലേറെ ദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. അജ്മൽ സാബുവാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്നു. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ. വിനായക് ശശികുമാറാണ് ഗാനരചയിതാവ്.

ഓണച്ചിത്രങ്ങളുടെ നിരയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’. അഡ്വാൻസ് ബുക്കിങ് ആരംഭിച്ചതോടെ റിലീസിന് മുന്നോടിയായുള്ള ആവേശവും വർധിച്ചിരിക്കുകയാണ്.

Related Posts