കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിൻ്റെ ഭാഗമായി ‘കവചം’ സംവിധാനത്തിൻ്റെ ഭാഗമായുള്ള സൈറണുകൾ ഇന്ന് രാത്രി 9.15ന് കേരളത്തിലെ തീരപ്രദേശങ്ങളിൽ മുഴങ്ങി.
സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകൾക്കും മുന്നറിയിപ്പ് ബാധകമാണ്. ഇന്ന് ഓഗസ്റ്റ് 18ന് അർധരാത്രി മുതൽ ഓഗസ്റ്റ് 20ന് വൈകിട്ട് 5.30 വരെ കേരള തീരത്ത് 1.1 മുതൽ 1.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശക്തമായ തിരമാലയും കള്ളക്കടൽ പ്രതിഭാസവും മൂലം തീരദേശ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണം രൂക്ഷമാകാനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.