യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിൻ്റെ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.

തർക്കം ഒത്തുതീർപ്പാക്കാനെന്ന പേരിൽ അതുല്യ ചന്ദ്രയും നടൻ ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് ആറു കോടി രൂപ ആവശ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ഇത്രയും തുക നൽകാനാകില്ലെന്ന് ഡോക്ടർ അറിയിച്ചതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പണം നൽകാൻ തയ്യാറാകാതിരുന്നതോടെയാണ് ഡോക്ടറെ ക്രൂരമായി മർദിച്ചതെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം.

സംഭവത്തിൽ ഹണിട്രാപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതുല്യയുടെ ബന്ധുവിൻ്റെ മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർ കെ.ബി. വിഷ്ണുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എൻഡിപിഎസ്, അടിപിടി ഉൾപ്പെടെ എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണ്.

ഡോക്ടറിൽനിന്ന് കവർന്ന മൊബൈൽ ഫോണുകൾ ഒളിവിലുള്ള ജിം ട്രെയിനറുടെ പക്കലാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്താനും മോഷണം പോയ വസ്തുക്കൾ വീണ്ടെടുക്കാനുമുള്ള അന്വേഷണം തുടരുകയാണ്.

Related Posts