കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ടാക്സി കാർ അഗ്നിക്കിരയായി. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന മൂന്ന് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഹൈദരാബാദിൽ നിന്നെത്തിയ ദമ്പതികൾ മൂന്നാറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കൊല്ലം സ്വദേശിയായ ഡ്രൈവറാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർ സീറ്റിനടുത്തുനിന്ന് പുകയുടെ ഗന്ധം അനുഭവപ്പെട്ടതോടെ വാഹനം റോഡരികിൽ നിർത്തി. പിന്നാലെ കാറിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ദമ്പതികളെ ഉടൻ പുറത്തിറക്കി.
യാത്രക്കാരുടെ ബാഗുകളും മറ്റ് സാധനങ്ങളും പുറത്തെടുത്തതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളിൽ കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടിമാലി, നേര്യമംഗലം എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.