നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് സ്ഥിരീകരിച്ച് ബിഎംഡബ്ല്യുവിൻ്റെ സാങ്കേതിക പരിശോധനാ റിപ്പോർട്ട്. അപകടത്തിൽപ്പെട്ട കാറിൻ്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽനിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് കമ്പനി അധികൃതർ അന്വേഷണസംഘത്തിന് റിപ്പോർട്ട് കൈമാറിയത്.

അപകടത്തിലേക്ക് നയിച്ച യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, കാർ 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണ് പിന്നിട്ടതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന് ശാസ്ത്രീയമായ പിന്തുണ നൽകുന്നതാണ് ബിഎംഡബ്ല്യുവിൻ്റെ ക്രാഷ് ഡാറ്റാ വിശകലനം.

റിപ്പോർട്ട് പ്രകാരം അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് കാറിൻ്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിയുടെ സമയത്ത് വേഗം മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് തൊട്ടുമുമ്പ്, ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് പെഡൽ അമർത്തിയതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Related Posts