കർണാടകയിൽ പാലിനും തൈരിനും ബസ് യാത്രാനിരക്കിനും പിന്നാലെ നെയ്യ്, വെണ്ണ, പനീർ എന്നിവയുടെ വിലയും വർധിപ്പിച്ചു. കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി ഉൽപ്പന്നങ്ങൾക്കാണ് വില കൂട്ടിയത്. നവംബർ നാലു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.

നെയ്യിന് കിലോയ്ക്ക് 135 രൂപ വരെയും വെണ്ണയ്ക്ക് 140 രൂപ വരെയുമാണ് വർധിപ്പിച്ചത്. പനീറിനും വില കൂട്ടിയിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ വിലവർധനകളിലൊന്നാണിത്. പാലിൻ്റെ വില വർധനയ്ക്കു പിന്നാലെ മറ്റ് പാലുൽപ്പന്നങ്ങൾക്കും വില കൂടിയത് സാധാരണക്കാരുടെ കുടുംബബജറ്റിനെ കൂടുതൽ ബാധിക്കും.

വിലവർധന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, മധുരപലഹാര നിർമാണശാലകൾ എന്നിവയെയും പ്രതിസന്ധിയിലാക്കും. നെയ്യ്, വെണ്ണ, പനീർ എന്നിവയുടെ വില ഉയർന്നതോടെ ഉൽപ്പാദനച്ചെലവും വർധിക്കും. ഇതിൻ്റെ ഭാഗമായി മധുരപലഹാരങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ഹോട്ടൽ ഭക്ഷണം എന്നിവയ്ക്കും വില കൂടാൻ സാധ്യതയുണ്ട്. തുടർച്ചയായ വിലവർധനയുടെ അധികഭാരം ഉപഭോക്താക്കൾക്ക് താങ്ങേണ്ടിവരും.

Related Posts