വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് പ്രതിസന്ധി നേരിടുന്നത് കാരണം പി.ജികളും ഹോട്ടലുകളും വ്യാപകമായി ഗാർഹിക കണക്ഷനുകളെ ആശ്രയിച്ചു തുടങ്ങി. ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഇതോടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആവശ്യക്കാർ ഏറിയതോടെ ഓണ്‍ലൈന്‍ ബുക്കിങ് താല്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
കർണാടകയിലെ സർക്കാർ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയെ എൽ.പി.ജി ക്ഷാമം ബാധിച്ച് തുടങ്ങിയിട്ടില്ല. പ്രതിസന്ധി രൂക്ഷമാവുകയാണെങ്കിൽ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്താനായി വിദ്യാഭ്യാസ വകുപ്പ് യോഗം ചേർന്നു. ക്ഷേത്രങ്ങളിലെ പ്രസാദം തയ്യാറാക്കലിന് എൽ.പി.ജി പ്രതിസന്ധി തടസമാകുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഒരാഴ്‌ചത്തേക്കുള്ള പ്രസാദം തയ്യാറാക്കാനുള്ള പാചകവാതകം നിലവിൽ സ്റ്റോക്കുണ്ട്.
ഈ സ്ഥിതി തുടർന്നാൽ പ്രസാദ വിതരണം തടസപ്പെടും. മുൻകരുതൽ നടപടിയായി വിറകുകൾ ശേഖരിക്കാൻ തുടങ്ങിയെന്നും ഭാരവാഹികൾ പറഞ്ഞു. പാചക വാതക പ്രതിസന്ധിക്കിടെ എൽ.പി.ജി റീഫിൽ ഡീലർമാർ കരിഞ്ചന്തയിൽ വിൽപന നടത്തരുതെന്ന് കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച് മുനിയപ്പ മുന്നറിയിപ്പ് നൽകി. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.