ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. മാടൻനട സ്വദേശി അഫ്‌സലിൻ്റെ ഭാര്യ സായ (26)യെയാണ് ശനിയാഴ്ച രാത്രി കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സ്വർണം പണയംവെച്ച് വായ്പയെടുത്തതും വാഹനത്തിൻ്റെ വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യതയും കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്വർണ്ണം വിറ്റ് വായ്പ തിരിച്ചടച്ചശേഷം ബാക്കിയുള്ള തുക വീട്ടുകാർക്ക് നൽകണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഭർത്താവിനോടുള്ള സ്നേഹവും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ, സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണ’മെന്നും കത്തിൽ പറയുന്നുണ്ട്.

കുട്ടികളില്ലാത്തതിലുള്ള മാനസിക വിഷമം സായയ്ക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കളും പൊലീസിന് മൊഴി നൽകി. മറ്റ് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം നിലവിൽ എറണാകുളത്താണ് താമസം. നാലുവർഷം മുൻപായിരുന്നു അഫ്‌സലുമായുള്ള വിവാഹം. സംഭവത്തിൽ ഇരവിപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Posts