അൻസിലിനെ പെൺസുഹൃത്ത് അഥീന കൊലപ്പെടുത്തിയത് റെഡ്ബുള്ളിൽ കളനാശിനി കലർത്തിയെന്ന് പുതിയ കണ്ടെത്തൽ. എനർജി ഡ്രിങ്കിന്റെ കാലി കാനുകൾ അഥീനയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന് പെൺസുഹൃത്തായ അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. അൻസിലിനെ കൃത്യം നടന്ന ദിവസം വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നതിനും പൊലീസിന് തെളിവുകൾ ലഭിച്ചു.
ഏറെ നാളായി ടിപ്പർ ഡ്രൈവറായ അൻസിലും (38) അഥീന (30)യും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അൻസിൽ. അഥീനയെ സംശയിച്ചു തുടങ്ങിയതോടെ അൻസിൽ ഉപദ്രവമാരംഭിച്ചു. ഇതിനിടെ അഥീന പൊലീസിനെ സമീപിക്കുകയും പരാതിയിൽ കേസാവുകയും ചെയ്തതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അൻസിൽ ശ്രമിച്ചു.
അഥീന കോടതിയിൽ മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അൻസിൽ പണം നൽകിയില്ല. പലപ്പോഴായി 3 ലക്ഷം രൂപ അഥീനയിൽനിന്നു കൈപ്പറ്റുകയും ചെയ്തു. ഉപദ്രവം വർദ്ധിച്ചതോടെ ബന്ധത്തിൽനിന്നു പിന്മാറാൻ അഥീന ശ്രമിച്ചെങ്കിലും അൻസിൽ തയാറായില്ല. ഇതോടെയാണ് അൻസിലിനെ കൊലപ്പെടുത്താൻ അഥീന തീരുമാനമെടുത്തതെന്നാണ് പൊലീസ് പറയുന്നത്.