മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പത്മകുമാറിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പത്മകുമാർ നടത്തിയ യാത്രകളെക്കുറിച്ചു മറ്റ് ബന്ധങ്ങളെക്കുറിച്ചും എസ്.ഐ.ടി. വിശദമായ അന്വേഷണം നടത്തും.
ചോദ്യം ചെയ്യലിൽ പത്മകുമാർ നടത്തുന്ന വെളിപ്പെടുത്തലുകൾ കേസിൽ ഇനി നിർണ്ണായകമാകും. കവർച്ചയ്ക്ക് പിന്നിൽ ഭരണ നേതൃത്വത്തിലെ ചിലർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. സ്വർണ്ണ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനായി പത്മകുമാർ രേഖകളിൽ തിരുത്തൽ വരുത്തി എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പത്മകുമാറിനൊപ്പമുണ്ടായിരുന്ന രണ്ട് അംഗങ്ങൾ മൊഴി നൽകിയിരുന്നു.