ബെംഗളൂരുവിൽ 11.64 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റൽ, 1040 തീവ്ര ലഹരിഗുളികകൾ, 2.35 കിലോഗ്രാം മയക്കുമരുന്ന് നിർമാണ അസംസ്‌കൃത വസ്‌തുക്കൾ എന്നിവ പിടികൂടി. ഇത് പുതുവത്സരാഘോഷം ലക്ഷ്യമിട്ട് ശേഖരിച്ചുവെച്ചതാണെന്ന് പോലീസ് പറഞ്ഞു. സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ ആന്റി നർകോട്ടിക്‌സ് വിഭാഗം ആണ് വൻ മയക്കുമരുന്ന്ശേഖരം പിടികൂടിയത്. പിടികൂടിയ ശേഖരത്തിന് 23.74 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. നൈജീരിയൻ പൗരൻ ഇജികെ സെന്യുവിനെ(42) പോലീസ് അറസ്റ്റുചെയ്‌തു. 2019-ലും ഇയാൾ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു. കുറച്ചുകാലം ജയിലിൽ കഴിയുകയും ചെയ്‌തിരുന്നു.

സാത്തനൂർ മെയിൻ റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന്ശേഖരം പിടികൂടിയത്. വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരുകയായിരുന്നു ഇയാൾ. കർണാടകത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഹൈദരാബാദിലും ചെന്നൈയിലും ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്‌തു വരുകയായിരുന്നു. ഡൽഹിയിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്.

പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാർഥികളും സംഘടിപ്പിക്കുന്ന പാർട്ടികൾ ലക്ഷ്യമിട്ട് സൂക്ഷിച്ചുവെച്ചിരുന്നതാണ് മയക്കുമരുന്ന്. 2017-ൽ നൈജീരിയയിൽനിന്ന് ശ്രീലങ്കവഴി ബിസിനസ് വിസയുമായാണ് ഇയാൾ ഇന്ത്യയിലെത്തിയത്. വിസയുടെ കാലാവധി കഴിഞ്ഞും അനധികൃതമായി ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു.

Related Posts