മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ ശാസ്തമംഗലം വാർഡിലെ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം മേയർ വി.വി. രാജേഷിൻ്റെ ഓഫീസിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. കോർപറേഷൻ സെക്രട്ടറി രാജിക്കത്ത് സ്വീകരിച്ചു. വ്യക്തിപരമായ അസൗകര്യങ്ങളാണ് രാജിക്ക് കാരണമെന്നാണ് ശ്രീലേഖയുടെ വിശദീകരണം. തിങ്കളാഴ്ച ജില്ലാ കളക്ടർക്കും രാജിക്കത്ത് നൽകുമെന്ന് അവർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
ശ്രീലേഖ രാജിവെക്കുന്നതായി അറിയിച്ച് കത്ത് നൽകിയ കാര്യം മേയർ വി.വി. രാജേഷും സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജിക്കാര്യത്തിൽ ബിജെപി നേതൃത്വം ഇടപെടുമെന്നും രാജിക്കത്ത് നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്കാണെന്നും മേയർ വ്യക്തമാക്കി.
ഒരു സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടെയാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം തുടരുന്നത്. ശ്രീലേഖയുടെ അപ്രതീക്ഷിത രാജി കോർപറേഷനിലെ രാഷ്ട്രീയ സമവാക്യങ്ങളിലും ചർച്ചയായിട്ടുണ്ട്.