ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമാണശാലയിലുണ്ടായ ബോയിലർ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടി.ഐ.എൽ ഹെൽത്ത്‌കെയറിൻ്റെ പ്ലാന്റിലാണ് ഇന്ന് രാവിലെ എട്ടോടെ അപകടമുണ്ടായത്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ ദുഃഖം രേഖപ്പെടുത്തി.

രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ സ്ഫോടനത്തെ തുടർന്ന് ഫാക്ടറി കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു. പരിസരമാകെ പുക നിറഞ്ഞതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിശമനസേനയും ആംബുലൻസുകളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

അപകടത്തിൻ്റെ കാരണം കണ്ടെത്താൻ പൊലീസും വ്യവസായ സുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോയിലറിലുണ്ടായ സാങ്കേതിക തകരാറാണോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണോ സ്ഫോടനത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്. കമ്പനി അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Posts