ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി പ്രതിയായ പോക്സോ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിയും മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിൽ രാഷ്ട്രീയ വാക്പോര്. മധുരാന്തകം ഉപതെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥി കെ. മരഗതത്തിൻ്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് മുൻ ഡിഎംകെ സർക്കാരിനെതിരെ വിജയ് ആരോപണങ്ങൾ ഉന്നയിച്ചത്.

വർഷങ്ങളായി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസ് മുൻ ഡിഎംകെ ഭരണകാലത്ത് പുറത്തുവന്നിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് വിജയിൻ്റെ ആരോപണം. വീരമണിയെ ഇപ്പോഴത്തെ ടിവികെ സർക്കാരാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിശദീകരണം നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു.

എന്നാൽ വിജയിൻ്റെ ആരോപണങ്ങൾ സ്റ്റാലിൻ നിഷേധിച്ചു. വീരമണിയെ സംരക്ഷിക്കാൻ ഡിഎംകെ സർക്കാർ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും ആരോപണങ്ങൾ തെറ്റും അപകീർത്തികരവുമാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. കേസിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ കേസിൻ്റെ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. നേരത്തെ അന്വേഷണസംഘം സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് പോക്സോ കോടതി അംഗീകരിക്കാതിരുന്നതിന് പിന്നാലെയാണ് അന്വേഷണം വീണ്ടും സജീവമായത്. തുടർന്ന് കൂടുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

ആർ. വീരമണിയെ ഓഗസ്റ്റ് 29നാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കേസിൽ അദ്ദേഹത്തോടൊപ്പം രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ അന്വേഷണം തുടരുകയാണ്.

Related Posts