പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലാദേശ് സ്വദേശികളാണെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
ന്യൂ മാർക്കറ്റിന് സമീപമുള്ള ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഹോട്ടലിൽ ഇന്ന് പുലർച്ചെ രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്നിരുന്ന അതിഥികൾ കനത്ത പുകയിൽ ശ്വാസംമുട്ടി കെട്ടിടത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് നാല് ഫയർ യൂണിറ്റുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. കനത്ത പുക കാരണം ഗോവണിയിലൂടെ മുകളിലെ നിലകളിലെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ജനലുകളിലൂടെയാണ് രക്ഷാപ്രവർത്തകർ ആളുകളെ പുറത്തെടുത്തത്.
തീ പൂർണമായും അണച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എസി പൊട്ടിത്തെറിച്ചതാകാം തീപിടിത്തത്തിന് കാരണമെന്ന പ്രാഥമിക നിഗമനമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.