നാളെ ഉച്ചയോടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടക്കാനാണ് സാദ്ധ്യത. വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്കൂളുകളുടെ നവീകരണത്തിനുള്ള പി.എംശ്രീ പദ്ധതിയിൽ ചില ഭേദഗതികൾ അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്നും സൂചനയുണ്ട്. ദേശീയപാത വികസനം, റെയിൽവേ വികസനം, എയിംസ്, തുറമുഖ പദ്ധതികൾ, മെേട്രാ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട ഒരുപിടി പദ്ധതികളുണ്ട്. ഇവയ്ക്ക് ഇവയ്ക്ക് കേന്ദ്രസർക്കാരിൻ്റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിക്കു മുന്നിലെ വെല്ലുവിളി.
കൊച്ചിയിൽ നിന്ന് ഇന്നുരാവിലെ തിരുവനന്തപുരത്ത് എത്തുന്ന മുഖ്യമന്ത്രി 11.30ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും രാത്രി 7 35നു വിമാനത്തിലാണ് ഡൽഹിക്ക് തിരിക്കുക. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നാളെ വൈകിട്ടോടെ കേരളത്തിലേക്ക് മടങ്ങും.
സംസ്ഥാനത്തിനുള്ള കേന്ദ്ര ഗ്രാൻ്റുകളുടെ വർദ്ധന, റോഡ് വികസനത്തിന് കൂടുതൽ കേന്ദ്ര സഹായം, വിഴിഞ്ഞം തുറമുഖ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കൂടുതൽ പലിശരഹിത വായ്പ, പൊലീസ് സ്റ്റേഷനുകളുടെ നവീകരണത്തിനും മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കൂടുതൽ സാമ്പത്തിക സഹായം തുടങ്ങിയവയും ആവശ്യപ്പെട്ടേക്കും. അടുത്ത മാസം യു.ഡി.എഫ് സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റ് അവതരണം നടക്കുന്നതിനാൽ സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെല്ലാം ചർച്ചയാവും. കഴിഞ്ഞ ദിവസം ഡൽഹി യാത്രയ്ക്കിടെ ചില കേന്ദ്ര മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല.