താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ആരാധകനാണെന്നും അദ്ദേഹം തൻ്റെ വലിയ സുഹൃത്താണെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിക്കിടെയാണ് ‘സർപ്രൈസ്’ ഫോൺ കോളുമായി ട്രംപ് എത്തിയത്. ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അവർക്ക് അത് നൽകുമെന്നും ഇന്ത്യയുമായുള്ള ബന്ധം മുമ്പത്തേക്കാളും ദൃഢമാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയ്ക്ക് അമേരിക്കയുടെ പൂർണപിന്തുണ ഉണ്ടാവുമെന്നും ഏതൊരു സഹായത്തിനും ഇന്ത്യയ്ക്ക് തങ്ങളെ ബന്ധപ്പെടാമെന്നും ട്രംപ് പറഞ്ഞു. യുഎസ് ഓഹരി വിപണിയും സമ്പദ്വ്യവസ്ഥയും റെക്കോർഡ് വളർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.