സൂറിച്ച് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ സഹപൈലറ്റിനെ മദ്യപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. ഈ മാസം ആറിനാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയിലാണ് പൈലറ്റ് മദ്യം കഴിച്ചിരുന്നതായി സംശയം ഉയർന്നത്.

പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവായതോടെ പൈലറ്റിനെ വിമാനത്തിൽനിന്ന് മാറ്റി. തുടർന്ന് സൂറിച്ച് വിമാനത്താവളത്തിൽ തന്നെ രണ്ടാമത്തെ പരിശോധനയും നടത്തി. ഇതിൻ്റെ ഫലം ലഭിക്കാനിരിക്കുകയാണ്. പിന്നീട് പൈലറ്റിനെ യാത്രക്കാരനായാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.

അന്തിമ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതുവരെ സസ്പെൻഷൻ തുടരുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. പൈലറ്റിനെ മാറ്റിയതോടെ നിശ്ചിത സമയത്ത് ഡൽഹിയിലേക്കുള്ള സർവീസ് നടത്താനായില്ല. അടുത്ത ദിവസമാണ് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്.

സുരക്ഷാ മാനദണ്ഡങ്ങളുടെയോ റെഗുലേറ്ററി ചട്ടങ്ങളുടെയോ കമ്പനി നിബന്ധനകളുടെയോ ലംഘനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. നിയമലംഘനം സ്ഥിരീകരിച്ചാൽ നിയന്ത്രണ ചട്ടങ്ങൾക്കും കമ്പനി നയങ്ങൾക്കും അനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

Related Posts