മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ സായുധ സേന പ്രത്യേക അധികാര നിയമമായ അഫ്സ്പ (AFSPA) ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്.
നാഗാലാൻഡിലെയും മണിപ്പൂരിലെയും ഒമ്പത് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് പ്രദേശങ്ങളിലുമാണ് നിലവിൽ അഫ്സ്പ ബാധകമാകുന്നത്. ബന്ധപ്പെട്ട പ്രദേശങ്ങളിലെ ക്രമസമാധാന, സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് നിയമം തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്നതാണ് അഫ്സ്പ. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനുമാണ് നിയമം തുടരുന്നതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിശദീകരണം.