ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ എട്ട് കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ രാമകൃഷ്ണ പള്ളി സ്വദേശി സഞ്ജയ് ദാസ് (39), ഒഡിഷ ന്യൂ കലികൻ സ്വദേശി അമരേശ്വർ ബെഹ്റ (32) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി ഡാൻസാഫും കോഴിക്കോട് ടൗൺ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഒഡിഷയിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച വലിയ അളവിലുള്ള കഞ്ചാവുമായി ഇരുവരും താമസസ്ഥലമായ പുതിയാപ്പയിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
പുതിയാപ്പ ഹാർബർ, ബീച്ച്, ബേപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ ചെറുകിട വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് എത്തിച്ച ഉറവിടം, വിതരണ ശൃംഖല, പ്രദേശത്തെ വിൽപ്പന എന്നിവ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.