വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയുള്ള വോയിസ് കോളുകൾക്ക് റഷ്യ നിയന്ത്രണം പ്രഖ്യാപിച്ചു. യുക്രൈനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഇൻറർനെറ്റിൽ ഭരണകൂടത്തിന്‍റെ നിയന്ത്രണം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഇതെന്ന് കരുതപ്പെടുന്നു.
റഷ്യയിലെ 8.9 കോടി ടെലിഗ്രാം ഉപയോക്താക്കളെയും 9.6 കോടി വാട്‌സ്ആപ്പ് ഉപയോക്താക്കളെയും നിരോധനം ബാധിക്കുമെന്ന് മീഡിയാസ്കോപ്പിന്‍റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും ക്രിമിനലുകളെ നേരിടാനും വേണ്ടിയാണ് ഈ നീക്കമെന്ന് റഷ്യ ഔദ്യോഗികമായി പ്രതികരിച്ചു
ഈ രണ്ട് പ്ലാറ്റ്ഫോമുകളും പണം തട്ടൽ, അട്ടിമറി, തീവ്രവാദം, തട്ടിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സാധാരണയായി ഉപയോഗിക്കപ്പെടുന്നുവെന്ന് റഷ്യയുടെ ഇൻ്റർനെറ്റ് റെഗുലേറ്ററായ റോസ്കോംനാഡ്സർ അവകാശപ്പെട്ടു.
നിയന്ത്രണം വോയിസ് കോളുകൾക്ക് മാത്രമാണ് ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും വീഡിയോ കോളുകളിലും പ്രശ്‌നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ പറയുന്നു. യുക്രൈനുമായുള്ള 2022-ൽ ആരംഭിച്ച യുദ്ധത്തിൻ്റെ തുടർച്ചയാണ് ഡിജിറ്റൽ സെൻസർഷിപ്പിലെ പുതിയ നടപടി.
അട്ടിമറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും റഷ്യയ്ക്കുള്ളിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും യുക്രൈൻ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് റഷ്യ കരുതുന്നുണ്ട്. ഇതിനകം തന്നെ ഓൺലൈൻ ഉള്ളടക്കത്തിൽ കർശനമായ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ, ‘മാക്സ്’ എന്ന മെസേജിങ് പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്നും നിർദേശിക്കുന്നുമുണ്ട്.