കൊച്ചിയിലെ ബാറുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ നടക്കുന്ന ഡിജെ പാർട്ടികൾക്കും ഉയർന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം പൊലീസ് വീണ്ടും ദീർഘിപ്പിച്ചു. രാത്രി 11 മണിക്ക് ശേഷം ഇത്തരം പരിപാടികൾ നടത്തരുതെന്ന നിലവിലെ ഉത്തരവ് ഇനി 15 ദിവസം കൂടി തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.
നഗരത്തിലെ രാത്രികാല സുരക്ഷയും പൊതുജനങ്ങളുടെ സൗകര്യവും മുൻനിർത്തിയാണ് നടപടി. രാത്രി 11 മണിക്ക് മുമ്പായി എല്ലാ സംഗീത പരിപാടികളും അവസാനിപ്പിക്കണമെന്നും ഉയർന്ന ഡെസിബെൽ ശബ്ദ സംവിധാനങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
നിയന്ത്രണം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പ്രത്യേക പൊലീസ് സംഘം ബാറുകളിലും ഹോട്ടലുകളിലും മിന്നൽ പരിശോധനകൾ നടത്തും. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും സംഘാടകർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും, ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി.