ആലപ്പുഴ കുത്തിയതോട്ടിൽ അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചുമൂടി. തുറവൂർ സ്വദേശി രാധ (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇയാൾ മദ്യപാനിയായിരുന്നെന്നും തുടർച്ചയായി അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മദ്യപാനിയായതുകൊണ്ട് ഗിരീഷിൻ്റെ ഭാര്യ രണ്ട് മക്കളുമായി സ്വന്തം വീട്ടിലാണ് താമസം. നാട്ടുകാരുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
അമ്മ മരിച്ചെന്നും മരണാനന്തരചടങ്ങുകൾ താൻ ഒറ്റയ്ക്ക് ചെയ്തെന്നും ഗിരീഷ് മദ്യലഹരിയിൽ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ് പോലീസിനോടു പറഞ്ഞു. രാധയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. അതിനുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.