ശിവമോഗ്ഗ ജില്ലയിൽ സുലൈബൈലുവിലെ സർക്കാർ സ്കൂളിന് സമീപം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചു കൊലപ്പെടുത്തി. ഉറഗദൂരി ഗവ. ഹൈസ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥി സങ്കേതാണ് (16) മരിച്ചത്. പരീക്ഷക്ക് മുന്നോടിയായി സ്പെഷ്യൽ ക്ലാസിൽ പങ്കെടുത്തതിനുശേഷമാണ് സംഭവം.
തൻ്റെ സ്കൂളിനുപുറത്ത് ഒരു കൂട്ടം ആൺകുട്ടികൾ തമ്മിൽ ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തിൽ സങ്കേത് ഇടപെട്ടുവെന്ന് പൊലീസ് സൂപ്രണ്ട് നിഖിൽ ബി പറഞ്ഞു. ഇതേ സ്കൂളിൽ പഠിച്ച, സങ്കേതിന് പരിചയമുള്ള ചില സുഹൃത്തുക്കൾ ഇതിൽ ഉൾപ്പെട്ടിരുന്നു. അവരും പ്രായപൂർത്തിയാകാത്തവരാണ്.
അവർ കൈകൊണ്ട് സങ്കേതിനെ അടിച്ചു. അടിയേറ്റ ഉടനെ കുഴഞ്ഞു വീണു. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴേക്കും സങ്കേത് മരിച്ചിരുന്നു. നെഞ്ചിനടുത്താണ് അടിയേറ്റത്. ആ അടിയിൽ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണുവെന്ന് എസ്.പി പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട 7 പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് എസ്.പി അറിയിച്ചു. സുലൈബൈലുവിലെ സർക്കാർ സ്കൂളിന് പുറത്ത് വിദ്യാർഥിയെ കൊലപ്പെടുത്തിയതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷം. ഇതിനെ തുടർന്ന് നഗരത്തിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചു.