കർണാടക കൊപ്പാൾ ബഹദൂരബണ്ടി ഗ്രാമത്തിലെ സർക്കാർ മോഡൽ ഹയർ പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ ബീരപ്പ അന്ദഗിയാണ് സ്‌കൂളിലെ അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ 24 വിദ്യാർഥികളുടെ ആഗ്രഹം സഫലീകരിച്ചത്. പ്രൈമറി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ 40 പേരുടെ സംഘം ബെള്ളാരി വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്കു പ്രത്യേക വിമാനത്തിലാണു യാത്ര ചെയ്‌തത്.
5 ലക്ഷം രൂപ സ്വന്തം കയ്യിൽ നിന്നു ചെലവഴിച്ചാണ് വിദ്യാർഥികളുടെ ആകാശയാത്രയെന്ന സ്വപ്നം സഫലമാക്കിയത്. താമസം, ഭക്ഷണം അടക്കമുള്ള ചെലവും ബീരപ്പ തന്നെ വഹിക്കുകയായിരുന്നു.
കുട്ടികളിൽ അധികവും തൊഴിലാളികളുടെ മക്കളാണെന്നും വിമാനത്തിൽ കയറാനുള്ള സാമ്പത്തികസ്‌ഥിതി ഇല്ലാത്തതിനാലാണു പണം മുടക്കി ഇങ്ങനെ ചെയ്‌തതെന്നും ബീരപ്പ അന്ദഗി പറഞ്ഞു.