സിഗരറ്റ്, ബീഡി, പാൻമസാല തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില ഫെബ്രുവരി ഒന്നുമുതൽ വർദ്ധിക്കും. പുതിയ തീരുവ പ്രാബല്യത്തിലാകുന്നതോടെയാണിത്. ഡിസംബറിൽ പാർലമെന്റ് പാസാക്കിയ നിയമത്തെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി.
സിഗരറ്റിൻ്റെ വലിപ്പമനുസരിച്ച് 1,000 സ്‌റ്റിക്കുകൾക്ക് 2,050 മുതൽ 8,500 രൂപവരെയാണ് അധിക തീരുവ ഈടാക്കുക. ഇതുമൂലം പത്തെണ്ണം അടങ്ങിയ 100 രൂപയുടെ സിഗരറ്റ് പായ്ക്കറ്റിന് (റെഗുലർ) 15മുതൽ 25 രൂപവരെ കൂടും. ബീഡി ഒഴികെ മറ്റുള്ളവയ്ക്ക് 40% ജി.എസ്.ടിക്കു പുറമെ അഡിഷണൽ എസൈസ് തീരുവ കൂടി ചുമത്തിയതോടെയാണിത്. ബീഡിക്ക് 18 ശതമാനമാണ് ജി.എസ്.ടി. പാൻമസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഈടാക്കും.