പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളിൽ രാജ്ഭവൻ ശക്തമായ ഇടപെടൽ നടത്തി. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ നേരിട്ട് വിളിച്ചുവരുത്തി.
പി.എസ്.സി ചെയർമാൻ്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുടെ വിളിപ്പിനെ തുടർന്ന് രാജ്ഭവനിലെത്തിയത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും ഇതുവരെ സ്വീകരിച്ച നടപടികളും ഗവർണർ സെക്രട്ടറിയോട് വിശദമായി ചോദിച്ചറിഞ്ഞു.
സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണവുമായി പി.എസ്.സി പൂർണമായി സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി ഗവർണറെ അറിയിച്ചു. പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളിൽ പി.എസ്.സിയുടെ ആഭ്യന്തര ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സി തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്നതിനെ രാജ്ഭവൻ ഗൗരവത്തോടെയാണ് കാണുന്നത്. ക്രമക്കേടുകളുടെ പേരിൽ ഝാർഖണ്ഡിലും കർണാടകയിലും പി.എസ്.സി ചെയർമാൻമാർക്കെതിരെ നടപടികൾ ഉണ്ടായ സാഹചര്യത്തിൽ കേരളത്തിലും സമാന നടപടി സ്വീകരിക്കാനാകുമോയെന്നതിൽ ഗവർണർ നിയമോപദേശം തേടിയതായാണ് വിവരം.
പി.എസ്.സിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.