ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 3 പ്രതികളെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ വ്യാപാരി ഗോവർധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെയാണ് എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നത്. കസ്റ്റഡി കാലാവധി ഒരു ദിവസമാണ്.
ചൊവ്വാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം ഇതിനായി അപേക്ഷ നൽകിയിരുന്നു. മൂന്ന് പേർക്കും ഇതിൽ ഒരുപോലെ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ സർക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്തുകയാണ് എസ്ഐടിയുടെ ലക്ഷ്യം. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി എന്നതിലും വ്യക്തത വരുത്താൻ ഉണ്ട്.