ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ പ്രമുഖ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഭക്ഷ്യ ലൈസൻസാണ് റദ്ദാക്കിയത്.
ദി ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്, കൊളാബയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ്, നരിമാൻ പോയിന്റിലെ സ്റ്റാറ്റസ് റെസ്റ്റോറന്റ്, ഖാർ ജിംഖാന എന്നിവിടങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. സ്ഥാപനങ്ങളിൽ ഗുരുതരമായ ശുചിത്വ വീഴ്ചകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
റേഡിയോ ക്ലബിലെ അടുക്കളയിൽ ഈച്ചകളുടെ ശല്യം, ചത്ത പാറ്റകൾ, തുറന്ന നിലയിലുള്ള പാറ്റക്കെണികൾ എന്നിവ കണ്ടെത്തി. അടുക്കളയുടെ മേൽക്കൂരയിലെ പ്ലാസ്റ്റർ ഇളകിയ നിലയിലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. ഭക്ഷണത്തിലേക്ക് പ്ലാസ്റ്റർ വീഴാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടി.
പാത്രം കഴുകുന്നതിനുള്ള സോപ്പും രാസവസ്തുക്കളും ഭക്ഷ്യവസ്തുക്കൾക്കൊപ്പം സൂക്ഷിച്ചതായും പാത്രങ്ങളും ഭക്ഷണസാധനങ്ങളും തറയിൽ തന്നെ വച്ചിരുന്നതായും കണ്ടെത്തി. മാംസാഹാരങ്ങൾ സൂക്ഷിക്കുന്ന ഫ്രീസറും വൃത്തിഹീനമായ നിലയിലായിരുന്നു. ഭക്ഷണം സുരക്ഷിതമായി തണുപ്പിൽ നിന്ന് പുറത്തെടുത്ത് ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങളും പാലിച്ചിരുന്നില്ല.
കൊളാബയിലെ മക്ഡൊണാൾഡ്സ് കിയോസ്ക് ഔട്ട്ലെറ്റിൽ നടത്തിയ പരിശോധനയിൽ 20 ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിൽ 18 എണ്ണത്തിലും വീഴ്ച കണ്ടെത്തിയതാണ് ലൈസൻസ് റദ്ദാക്കാൻ കാരണമായത്. മെനുവിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ചീസിൽ കലർപ്പ് കണ്ടെത്തിയതും നടപടിക്ക് കാരണമായി.
മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുവെന്ന് അധികൃതർ സ്ഥിരീകരിക്കുന്നതുവരെ ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിൽപ്പന, വിതരണം എന്നിവ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
നടപടിക്ക് പിന്നാലെ മക്ഡൊണാൾഡ്സ് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷയ്ക്ക് ഉയർന്ന പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് തങ്ങളെന്നും അധികൃതർ ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.