ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തിൻ്റെ ഭാഗമായി ‘മൈലാഞ്ചി രാവ്’ എന്ന പേരിൽ സ്നേഹസംഗമം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 5ന് വൈകിട്ട് 5ന് ഖുദ്ദൂസ് ഈദ്ഗാഹ് മൈതാനിയിലാണ് പരിപാടി.
സംഘടനയുടെ അഭ്യുദയകാംക്ഷികൾ, സഹയാത്രികർ, പ്രമുഖ നേതാക്കൾ, പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന സംഗമം സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും സഹകരണത്തിൻ്റെയും വേദിയാകും.
പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ.റാഷിദ് ഗസാലി, പ്രഭാഷകനും പരിശീലകനുമായ റിയാസ് ഹക്കീം എന്നിവർ നയിക്കുന്ന പ്രചോദനാത്മക സെഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും. സമൂഹവിവാഹത്തിൻ്റെ സന്ദേശം പങ്കുവെക്കുന്നതിനൊപ്പം സംഘടനാ പ്രവർത്തകരുടെയും കുടുംബങ്ങളുടെയും സൗഹൃദ സംഗമത്തിനും ‘മൈലാഞ്ചി രാവ്’ വേദിയാകും.
പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയുന്നതായി സംഘാടകർ അറിയിച്ചു.