ഐആർസിടിസി ഉപയോക്തൃ അക്കൗണ്ടുകൾക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ ടിക്കറ്റ് ബുക്കിംഗിലെ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായിട്ടാണിത്. ഏകദേശം മൂന്ന് കോടി യൂസർ ഐഡികളാണ് റെയിൽവേ റദ്ദാക്കിയത്. കൂടാതെ, സംശയാസ്പദമായ രീതിയിൽ പ്രവർത്തിച്ചിരുന്ന 13,000 ഇമെയിൽ ഡൊമെയ്നുകളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഐടി വിഭാഗവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്.
കൃത്രിമ മാർഗങ്ങളിലൂടെ ടിക്കറ്റുകൾ കൈക്കലാക്കുന്ന വ്യാജ യൂസർ ഐഡികൾ കണ്ടെത്തിയാണ് റദ്ധാക്കിയത്. യാത്രക്കാരുടെ ബുക്കിംഗ് പ്രക്രിയ സുതാര്യമാക്കാൻ ഈ നടപടി സഹായിക്കും. റെയിൽവേ ടിക്കറ്റുകൾ അനധികൃതമായി ബുക്ക് ചെയ്യുന്നതിനും കരിഞ്ചന്തയിൽ വിൽക്കുന്നതിനും വേണ്ടി സൃഷ്ടിക്കപ്പെട്ട ‘ബോട്ടുകളെ’യും വ്യാജ അക്കൗണ്ടുകളെയും ഇല്ലാതാക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.
അനധികൃത സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് തത്കാൽ ടിക്കറ്റുകൾ ഉൾപ്പെടെ ബുക്ക് ചെയ്യുന്ന സംഘങ്ങളെ നിരീക്ഷിച്ചു വരികയാണ്. സ്വന്തം വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് മാത്രം ഐആർസിടിസി അക്കൗണ്ടുകൾ തുടങ്ങണമെന്നും അനധികൃത ഏജന്റുമാരെയും സോഫ്റ്റ്വെയറുകളെയും ആശ്രയിക്കരുതെന്നും റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.