കോട്ടയം ഗവ. നഴ്‌സിങ് കോളജിൽ ക്രൂരമായി റാഗിങ് നടത്തിയ 5 സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്‌റ്റ് ചെയ്തു. 5 പേരെയും കോളജിൽ നിന്നു സസ്പെൻഡും ചെയ്‌തു.
വയനാട് നടവയൽ സ്വദേശി ജീവ, കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക്, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇന്ന് ഉച്ചയോടെ വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കും. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതിയിലാണ് മുന്നാം വർഷ വിദ്യാർത്ഥികളായ 5 പേരെയും പൊലീസ് അറസ്റ്റ് ചെയ്‍തത്.
3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി. ശ്രിജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥികളെ നഗ്നരാക്കി നിർത്തിയതായും മുറിവിൽ ലോഷൻ തേച്ചുവെന്നും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ സ്വകാര‍്യ ഭാഗങ്ങളിൽ തൂക്കിയിട്ട് ഉപദ്രവിച്ചു എന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയത് എന്നാണ് പരാതി.