നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് അഡ്വ. ടി.ബി. മിനി നൽകിയ ഹർജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 6 കോടതിയലക്ഷ്യ ഹർജികളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുക. വിവിധ മാധ്യമങ്ങൾ, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവർക്കെതിരെ നൽകിയ പരാതികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എട്ടാം പ്രതി ദിലീപിനെ അനുകൂലിച്ചും തൻ്റെ യൂട്യൂബ് ചാനലിലൂടെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വിമർശിച്ചും സംസാരിച്ചതിനാണ് ആർ. ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹർജി നൽകിയത് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനിയാണ്.
ദിലീപും രഹസ്യ വിചാരണയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം മാധ്യമങ്ങൾ ലംഘിച്ചുവെന്നാണ് ദിലീപിൻ്റെ ആരോപണം. ഹർജികളിൽ ഇന്നത്തെ വാദത്തിന് ശേഷം കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടാൽ, തുടർനടപടികൾക്കായി കോടതി ഇവ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടും. കേസിൻ്റെ വിചാരണാ നടപടികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ ഹർജികൾ കോടതി പരിഗണിക്കുന്നത്.