കോഴിക്കോട്–ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ‘നവകേരള ബസ്’ ഗരുഡ പ്രീമിയം സർവീസ് മികച്ച വരുമാനം നേടുന്നു. പ്രതിദിനം ശരാശരി 55,000 മുതൽ 60,000 രൂപ വരെയാണ് കളക്ഷൻ.

രാവിലെ 8.25ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന ബസ് വൈകിട്ട് 4.30ഓടെ ബംഗളൂരുവിലെത്തും. ബംഗളൂരുവിൽ നിന്ന് രാത്രി 10.30ന് പുറപ്പെട്ട് രാവിലെ കോഴിക്കോട്ടെത്തും. ശരാശരി 1,000 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകുന്ന ഡൈനാമിക് പ്രൈസിങ് സംവിധാനവും നിലവിലുണ്ട്.

26 പുഷ്ബാക്ക് സീറ്റുകളുള്ള ബസിൽ ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജിങ് സംവിധാനം തുടങ്ങിയ സൗകര്യങ്ങളുണ്ട്. താമരശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് സർവീസ്.

2023 നവംബർ 18 മുതൽ ഡിസംബർ 23 വരെ നടന്ന നവകേരള യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസാണിത്. യാത്രയ്ക്കായി ലിഫ്റ്റ്, ടോയ്ലറ്റ് ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങളോടെയാണ് ബസ് സജ്ജീകരിച്ചിരുന്നത്. പിന്നീട് ഈ സൗകര്യങ്ങൾ ഒഴിവാക്കി ബസിനെ സർവീസ് വാഹനമാക്കി മാറ്റുകയായിരുന്നു.

Related Posts