കൈപ്പമംഗലത്ത് എട്ടുപേർ മരിച്ച വാഹനാപകടത്തിൻ്റെ ആഘാതം മാറും മുൻപേ തൃശൂരിൽ വീണ്ടും ദാരുണ അപകടം. കുന്നംകുളത്ത് റോഡരികിൽ നിർത്തിയിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ദമ്പതികളും ഇവരുടെ മൂന്നുവയസ്സുകാരനായ മകനും മരിച്ചു.

ചാവക്കാട് എടക്കഴിയൂർ പഞ്ചവടിയിലെ താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്‌ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ–കുന്നംകുളം പാതയിൽ ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം.

വിവാഹച്ചടങ്ങിൽ പങ്കെടുത്ത് കുന്നംകുളം ഭാഗത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഫോൺ വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെയാണ് അതേ ദിശയിൽ എത്തിയ കാർ ഇടിച്ചുകയറിയതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവർ ഏകദേശം 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു.

അപകടത്തിൽ ബൈക്ക് സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമറിലേക്കും തെറിച്ചുകയറി. ട്രാൻസ്ഫോർമർ തകർന്നതിനെ തുടർന്ന് വൈദ്യുതി കമ്പി റോഡിലേക്ക് വീണത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. പരിക്കേറ്റവരെ ഉടൻ സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു. പൊലീസ്, അഗ്നിരക്ഷാസേന എന്നിവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts