സംസ്ഥാനത്ത് നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ കുറഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതനുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരും ക്വാറന്റൈൻ കാലയളവ് വിജയകരമായി പൂർത്തിയാക്കിയതോടെ നിലവിൽ പുതിയ ആശങ്കകളില്ലെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ.

നിപ ബാധിതനായ രോഗിയുടെ ഒരാഴ്ചയ്ക്കിടെ നടത്തിയ രണ്ട് പരിശോധനകളുടെയും ഫലം നെഗറ്റീവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗിയുടെ തുടർചികിത്സ സംബന്ധിച്ച കാര്യങ്ങൾ മെഡിക്കൽ ബോർഡ് ചേർന്ന് തീരുമാനിക്കും.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, നിപ രോഗവുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള 42 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ശേഷമേ പ്രദേശത്തെ ഔദ്യോഗികമായി നിപ മുക്തമായി പ്രഖ്യാപിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Related Posts