സംസ്ഥാന സര്‍ക്കാര്‍ ആഘോഷത്തോടെ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ചൊവ്വാഴ്ചയാണ് സമരത്തിൻ്റെ 100-ാം ദിനത്തില്‍ പ്രതിഷേധജ്വാല ഉയര്‍ന്നത്. സര്‍ക്കാരിൻ്റെ പിടിവാശിക്കു മുന്നില്‍ തളരാതെ ആശവര്‍ക്കര്‍മാരുടെ സമരവേദിയില്‍ നൂറ് തീപ്പന്തം ഉയര്‍ന്നു. ആശപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ചും നടത്തി. ‘മനഃസാക്ഷിയുള്ളവരെല്ലാം ആശമാര്‍ക്കൊപ്പമാണെന്നും രാജ്യമൊട്ടാകെ അവരുടെ പോരാട്ടത്തിൻ്റെ അലയൊലി ഇതിനോടകം എത്തിക്കഴിഞ്ഞെന്നും’ കവയിത്രി റോസ് മേരി സമരം ഉദ്ഘാടനം ചെയ്തുകൊണ്ടുപറഞ്ഞു.
ആശമാരുടെ ധർമസമരത്തിന് ജനമനസ്സ് കൂടെയുള്ളപ്പോൾ അവർ നിരാശരാകേണ്ടിവരില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ആശമാരുടെ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന് പുറമേ കേരളമാകെ സഞ്ചരിച്ചുള്ള സമരയാത്ര 16 ദിവസം പിന്നിട്ടു. തുടർഭരണത്തിൻ്റെ ആഘോഷം കോടികൾ ചെലവഴിച്ച് നടത്തുന്ന സർക്കാർ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ലക്ഷ്യം നേടുംവരെ മുന്നോട്ടു പോകുമെന്നും ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം അനുവദിക്കുക, സർക്കാർ നൽകുന്ന ഓണറേറിയം വർധിപ്പിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് ഫെബ്രുവരി 10 നാണ് ആശപ്രവർത്തകർ സമരം ആരംഭിച്ചത്.