നഗരത്തിലെ മാലിന്യ ശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പുതിയ കരാറുകൾ രണ്ട് മാസത്തിനകം നടപ്പാക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു ഡെവലപ്മെന്റ് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ. 33 പാക്കേജുകളിൽ 21 എണ്ണത്തിനുള്ള പുതിയ കരാറുകളാണ് ആദ്യം നടപ്പാക്കുന്നത്.
പുതിയ സംവിധാനത്തിൽ നിലവിലെ ഓട്ടോ ടിപ്പറുകൾക്ക് പകരം മൂന്ന് ടൺ ശേഷിയുള്ള ജിപിഎസ് സംവിധാനമുള്ള വാഹനങ്ങൾ ഉപയോഗിക്കും. നഗരത്തിലെ 28 നിയമസഭാ മണ്ഡലങ്ങളിലും വീടുകളിൽ നിന്ന് നേരിട്ട് മാലിന്യം ശേഖരിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
മാലിന്യ ശേഖരണ വാഹനങ്ങളുടെ പ്രവർത്തനം ജിപിഎസ് വഴി നിരീക്ഷിക്കുന്നതിലൂടെ കൃത്യമായ ശേഖരണവും കൂടുതൽ കാര്യക്ഷമമായ മാലിന്യസംസ്കരണവും ഉറപ്പാക്കാനാണ് അധികൃതരുടെ നീക്കം. നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കരാറുകൾ നടപ്പാക്കുന്നത്.