കന്നട ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല (വി.ടി.യൂ) എല്ലാ അഫിലിയേറ്റഡ് കോളേജുകൾക്കും നിർദേശങ്ങൾ നൽകി. കോളേജുകളിലെ വിദ്യാർത്ഥികളും ജീവനക്കാരും പാലിക്കേണ്ട നിരവധി നിർദ്ദേശങ്ങൾ സർവകലാശാല പുറപ്പെടുവിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘കന്നട നമ്മുടെ നാടിൻ്റെ ഭാഷയാണ്, ഭാഷയെ ബഹുമാനിക്കേണ്ടത് ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണ്. ഞങ്ങൾക്ക് 220 അഫിലിയേറ്റഡ് കോളേജുകളുണ്ട്, മൂന്ന് ലക്ഷം വിദ്യാർത്ഥികളുണ്ട്. കർണാടകക്കും ഇന്ത്യക്കും പുറത്തുനിന്നുള്ള വിദ്യാർഥികളുള്ളതിനാൽ, എല്ലാ തലങ്ങളിലും കന്നടയെ ബഹുമാനിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നു.’ വി.ടി.യു വൈസ് ചാൻസലർ ഡോ.വിദ്യാശങ്കർ.എസ് പറഞ്ഞു.
ബംഗളുരൂ എഎംസി എഞ്ചിനീയറിംഗ് കോളേജിൽ ഒരു കോളേജ് ഹോസ്റ്റ് വാർഡൻ വിദ്യാർത്ഥികൾ ഹിന്ദിയിൽ സംസാരിക്കണമെന്ന് നിർബന്ധിച്ചിരുന്നു. കന്നടയിൽ സംസാരിച്ച വിദ്യാർത്ഥിയോട് വാർഡൻ കയർക്കുകയും ഹിന്ദിയിൽ സംസാരിക്കാനും കന്നട വീട്ടിൽ പറഞ്ഞാൽ മതി എന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇതിനെത്തുടർന്ന് കന്നട പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും വാർഡനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ആരെങ്കിലും ലംഘിച്ചാൽ നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വിസി പറഞ്ഞു. ക്ലാസ് മുറികൾക്കുള്ളിലോ കാമ്പസിലോ ഹോസ്റ്റലിലോ കന്നടയെ അപമാനിക്കുന്ന ഒരു വാക്കും വിദ്യാർത്ഥികളോ ജീവനക്കാരോ ഉപയോഗിക്കരുതെന്ന് സർക്കുലറിൽ പറയുന്നു.