മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്ക് പരാതി നൽകാനാണ് നീക്കം. ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന ആവശ്യം ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി ഉന്നയിച്ചുവരികയാണ്.
ഡൽഹിയിൽ പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ജന്തർ മന്തർ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ ഡൽഹി പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക ഏകോപന സംവിധാനം ഒരുക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. നേരത്തെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പൊലീസ് നിയന്ത്രണങ്ങളും തടങ്കലുകളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, സെപ്റ്റംബർ 26ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വിശദീകരണ കുറിപ്പിനെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം വിമർശിച്ചു. എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നാണ് കമ്മീഷൻ്റെ വിശദീകരണം. എന്നാൽ കമ്മീഷൻ്റെ വിശദീകരണം തങ്ങളുടെ ചോദ്യങ്ങൾക്ക് പൂർണമായ മറുപടി നൽകുന്നില്ലെന്നാണ് കോൺഗ്രസ് നിലപാട്.
വിഷയത്തിൽ ദേശീയതലത്തിൽ പ്രതിപക്ഷ ഏകോപനം ശക്തമാക്കാനുള്ള ചർച്ചകളും നടക്കുകയാണ്. സി.പി.എം നേതാവ് എം.എ. ബേബി വിവിധ പ്രതിപക്ഷ നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. എസ്ഐആർ, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ സംയുക്ത നിലപാട് രൂപീകരിക്കുന്നതിനായി സെപ്റ്റംബർ 30ന് ന്യൂഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരാനാണ് തീരുമാനം.