ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് കോടികൾ തട്ടിയ കേസിൽ രണ്ട് പ്രധാന പ്രതികൾ പിടിയിൽ. കേസിലെ മുഖ്യപ്രതികളായ അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചണ്ഡീഗഢിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
വിസയും വിദേശജോലിയും വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാർഥികളിൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്. തട്ടിപ്പിന് പിന്നാലെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി.
ഇതിനിടെ പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഹിമാചൽ പ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചു. മണാലിയിലെ ഒളിത്താവളത്തിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് പൊലീസ് നീക്കത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ അവിടെ നിന്ന് രക്ഷപ്പെട്ട് ചണ്ഡീഗഢിലേക്ക് കടക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചണ്ഡീഗഢിലെ സെക്ടർ 17-ലെ ഡൗൺടൗൺ ഹോട്ടൽ പരിസരത്തുനിന്ന് പ്രതികളെ പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം കൊല്ലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പണം എവിടേക്കാണ് കൈമാറിയതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.